യുഎഇയില്‍ എക്‌സ്‌ചേഞ്ച് ഹൗസിന് 10.7 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തി.ഗുരുതര ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി.2018-ലെ കള്ളപ്പണനിരോധന നിയമത്തിലെ ആര്‍ട്ടിക്കിള്‍ പതിനാല് പ്രകാരം ആണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് ധനവിനിമയ സ്ഥാപനത്തിന് എതിരെ നടപടി സ്വീകരിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ നടപടിക്രമങ്ങളും നയങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
സെന്‍ട്രല്‍ ബാങ്ക് നടത്തിയ പരിശോധനകളില്‍ ആണ് ചട്ടലംഘനം കണ്ടെത്തിയത്. ധനവിനിമയ വ്യവസായത്തിന്റെ സുതാര്യതയും സമഗ്രതയും നിലനിര്‍ത്തുന്നതിനും യുഎഇ സമ്പദ്ഘടനയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുഴുവന്‍ എക്‌സ്‌ചേഞ്ച് ഹൗസുകളും സ്ഥാപനങ്ങളിലെ ജീവനക്കാരും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി. നടപടി നേരിട്ട എക്‌സ്‌ചേഞ്ച് ഹൗസിന്റെ പേര് സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.