ലോകത്തിലെ ഏറ്റവും വേഗതയേറിയ നഗരമേതാണ്. സഞ്ചാര വേഗത്തിന്റെയല്ല, മറിച്ച് മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയില്‍. ന്യൂയോര്‍ക്കോ ലണ്ടനോ പാരീസോ ഒന്നുമല്ല ആ നഗരം. മറിച്ച് ഒരു അറേബ്യന്‍ നഗരമാണ് അത്.
ന്യൂയോര്‍ക്കിനേയും ലണ്ടനേയും പാരീസിനേയുമെല്ലാം മറികടന്നാണ് ഈ അറബ് നഗരം ലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന നഗരമായത്. പ്രമുഖ മൊബൈല്‍ ഡാറ്റാ വിദഗ്ധരായ ‘ഹോളാഫ്‌ലൈ’ 2026-ല്‍ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ നഗരം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഈ നഗരം മറ്റൊന്നുമല്ല, ഖത്തറിന്റെ തലസ്ഥാനമായ ദോഹയാണ് അത്. ലോകമെമ്പാടുമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഇന്റര്‍നെറ്റ് പ്രകടനം വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയത്. ദോഹയിലെ ശരാശരി മൊബൈല്‍ ഡൗണ്‍ലോഡ് വേഗത സെക്കന്‍ഡില്‍ 354.5 എംബിപിഎസ് ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു നഗരത്തിന്റെ ഒരു ജിബി വലിപ്പമുള്ള ഒരു ഭൂപടം വെറും 2.9 സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ വേഗതയിലൂടെ സാധിക്കും. ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ദോഹയ്ക്ക് തൊട്ടുപിന്നാലെയുണ്ട് അയല്‍ നഗരങ്ങളായ ദുബായ് (351.8 എംബിപിഎസ), അബുദാബി (325.9 എംബിപിഎസ) എന്നിവ്. ഖത്തര്‍ വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ അത്യാധുനിക 5 ജി നെറ്റ്വര്‍ക്ക് വിന്യാസവും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലെ വന്‍തോതിലുള്ള നിക്ഷേപവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന നിമിഷം മുതല്‍ സഞ്ചാരികള്‍ക്ക് തടസ്സമില്ലാത്തതും അതിവേഗത്തിലുള്ളതുമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കാന്‍ ഖത്തറിന് സാധിക്കുന്നുണ്ട്. ഇത് സന്ദര്‍ശകര്‍ക്ക് തത്സമയ നാവിഗേഷന്‍, ഓണ്‍ലൈന്‍ ബുക്കിംഗുകള്‍, സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍ എന്നിവ കൂടുതല്‍ സുഗമമാക്കുന്നു. നേരത്തെ, ഊക്ല സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സിന്റെ 2025-ലെ റിപ്പോര്‍ട്ടുകളിലും ഖത്തര്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഡിജിറ്റല്‍ രംഗത്തെ ഈ കുതിച്ചുചാട്ടം ഒരു സ്മാര്‍ട്ട് സിറ്റി എന്ന നിലയില്‍ ദോഹയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും വരാനിരിക്കുന്ന ആഗോള നിക്ഷേപങ്ങള്‍ക്കും വിനോദസഞ്ചാര വികസനത്തിനും കരുത്തേകുകയും ചെയ്യുമെന്നുറപ്പാണ്.



