2025 വര്‍ഷത്തെ നാലാം പാദത്തില്‍ സൗദിയിലെ ട്രെയിനുകളില്‍ സഞ്ചരിച്ചത് 46 ദശലക്ഷം യാത്രക്കാര്‍ എന്ന് കണക്കുകള്‍. 199 ശതമാനമത്തിന്റെ വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് റെക്കോര്‍ഡ് യാത്രക്കാര്‍ സൗദിയുടെ തീവണ്ടി സര്‍വ്വീസിനെ യാത്രക്കായി ഉപയോഗിച്ചത്. 2025 വര്‍ഷത്തെ നാലാം പാദത്തില്‍ 46 ദശലക്ഷത്തിലധികം യാത്രക്കാരാണ് സൗദിയിലെ തീവണ്ടിയില്‍ യാത്ര ചെയ്തത്. 2024വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 199% വളര്‍ച്ചയാണ് കൈവരിച്ചത്. അതേസമയം ലോഹ, ചരക്ക് ട്രെയിനുകള്‍ 218,000 കണ്ടൈനറുകളില്‍ 4 ദശലക്ഷം ടണ്ണിലധികം സാധനങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു. ഇന്റര്‍സിറ്റി ട്രെയിനുകള്‍ വഴി 2.9 ദശലക്ഷത്തിലധികം യാത്രക്കാര്‍ സഞ്ചരിച്ചതായും പൊതുഗതാഗത അതോറിറ്റി വിശദീകരിച്ചു. ഇതില്‍ മക്ക മദീന പുണ്യ നഗരങ്ങളെ ജിദ്ദ വഴി ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ വഴി 2.3 ദശലക്ഷം യാത്രക്കാരും, ഈസ്റ്റേണ്‍ റെയില്‍വേ നെറ്റ്വര്‍ക്കിന് കീഴില്‍ 367,000 യാത്രക്കാരും, ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴില്‍ 234,000 യാത്രക്കാരും ഉള്‍പ്പെടുന്നു.നഗരങ്ങള്‍ക്കുള്ളില്‍ ട്രെയിനുകള്‍ ഉപയോഗിച്ച് 43.8 ദശലക്ഷത്തിലധികം യാത്രക്കാരാണ്. ഇതില്‍ റിയാദ് ട്രെയിനിലെ 32 ദശലക്ഷം യാത്രക്കാര്‍ ഉള്‍പ്പെടുന്നു, അതേസമയം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം 10.6 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം റിയാദിലെ പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുള്‍റഹ്‌മാന്‍ യൂണിവേഴ്സിറ്റിയിലെ ഓട്ടോമേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിലെ യാത്രക്കാരുടെ എണ്ണം 982,000-ത്തിലധികം വരും.
സൗദി സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിലും, പ്രത്യേകിച്ചും വ്യവസായ, ഖനന മേഖലകളില്‍, ട്രെയിനുകളുടെ പ്രധാന പങ്ക് വഹിച്ചു. കിഴക്കന്‍ റെയില്‍വേ ശൃംഖല വഴി കൊണ്ടുപോകുന്ന ചരക്കുകളുടെയും ധാതുക്കളുടെയും അളവ് 218,000 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകളും 439,000 ടണ്ണില്‍ കൂടുതലും, വടക്കന്‍ റെയില്‍വേ ശൃംഖല വഴി കൊണ്ടുപോകുന്ന 3.5 ദശലക്ഷം ടണ്ണും കവിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.



