ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിലവിലുള്ള ഖസബ് വിമാനത്താവളത്തിലെ പരിമിതികള്‍ പരിഹരിക്കാനും 24 മണിക്കൂറും വിമാന സര്‍വീസുകള്‍ ലഭ്യമാക്കാനുമാണ് പുതിയ വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്.പുതിയ വിമാനത്താവള പദ്ധതിയുടെ നടത്തിപ്പിനായുള്ള അന്തിമ അംഗീകാരം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വിമാനത്താവളത്തിന്റെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 2.5 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, 2,520 മീറ്റര്‍ നീളമുള്ള റണ്‍വേ എന്നിവ സജ്ജമാക്കും. രണ്ടാം ഘട്ടത്തില്‍ റണ്‍വേയുടെ നീളം 3,300 മീറ്ററായി വര്‍ധിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളായ എയര്‍ബസ് അ350, ബോയിംഗ് 777 എന്നിവയ്ക്കും ഇവിടെ ഇറങ്ങാന്‍ സാധിക്കും. കൂടാതെ, വിമാനത്താവളത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റര്‍ നീളമുള്ള പുതിയ റോഡും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കും ചരക്ക് നീക്കത്തിനും വലിയ കരുത്തേകുന്ന ഈ വിമാനത്താവളം മുസന്ദത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കും.



