മാസപ്പടി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകർക്ക് വിമർശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയറ്റ് വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് മനഃസാക്ഷിക്ക് അനുസരിച്ചുള്ള വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്ന് മുഹമ്മദ് റിയാസ് വിമർശിച്ച്. അന്തിചര്‍ച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന പ്രഖ്യാപനം കൂടിയാണ് 2021 തിരഞ്ഞെടുപ്പിന്റെ ഫലം. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നുന്നു. മനഃസാക്ഷിക്ക് വിരുദ്ധമായി ചിലര്‍ക്ക് പറയേണ്ടി വരുന്നു. സ്വാതന്ത്ര്യദിനം ആശംസിക്കുമ്പോഴും ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് നില്‍ക്കേണ്ട ഗതികേട് നിങ്ങള്‍ക്കുണ്ട്.
2016 മുതല്‍ 2021 വരെ അഞ്ചുവര്‍ഷ കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമായി വേട്ടയാടപ്പെട്ടത് എന്ന് നാം കണ്ടതാണ്. 2016 മുതല്‍ 2021 വരെയുള്ള അന്തിചര്‍ച്ചകള്‍ കേട്ട് വിശ്വസിച്ച് മലയാളികള്‍ പോളിങ് ബൂത്തില്‍ പോയിരുന്നെങ്കില്‍ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് കെട്ടിവെച്ച പണം ലഭിക്കില്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പ് ഫലം യഥാര്‍ഥത്തില്‍ രാഷ്ട്രീയ താത്പര്യം കാത്തുസംരക്ഷിക്കുന്ന മാധ്യമ ഉടമകള്‍ക്കേറ്റ കനത്തപ്രഹരം കൂടിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇപ്പോള്‍ കുറേ ദിവസമായി ഈ വിഷയം എടുക്കുന്നുണ്ട്. അത് അതിന്റേതായ രീതിയില്‍ പോട്ടെ. പ്രൊമോ കാര്‍ഡില്‍ എന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. ആ ചിത്രങ്ങള്‍ ചിരിച്ചിട്ടുള്ളതാണ്. പേടിച്ചുകാണുന്ന മുഖം വരുന്നതാണ് നല്ലത്. പറ്റിയൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍ ആ നിലയില്‍ പോസ് ചെയ്തു തരാം. ഇനിമുതല്‍ അത് കൊടുക്കുന്നതാവും കുറേക്കൂടി വിഷയത്തിന് അനുസരിച്ച് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മണിപ്പൂര്‍ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രസംഗിക്കുന്നത് . ഇന്ന് ജനിച്ച കുട്ടിയെ പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ലൈബ്രറികളില്‍ സംഘപരിവാര്‍ ആശയം വായിക്കാന്‍ നിര്‍ബന്ധിതമാകുന്ന നിലയിലേക്കുള്ള തീരുമാനങ്ങള്‍ വരികയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ ഏറ്റവും ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.



