Friday, February 27, 2026
HomeNewsNationalമാധവ് ഗാഡ്ഗില്‍ : ജനകീയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍

മാധവ് ഗാഡ്ഗില്‍ : ജനകീയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍

പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മനുഷ്യ സ്നേഹിയായിരുന്നു മാധവ് ഗാഡ്ഗില്‍. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് മാധവ് ഗാഡ്ഗിലിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്.

ജനകീയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍.. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന ഉറച്ച ശബ്ദം… പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ട് ഒരു വികസനവും പാടില്ലെന്ന നിലപാടിന്റെ പേര്… ഈ വിശേഷണങ്ങളെല്ലാം ഒറ്റപ്പേരില്‍ സംഗ്രഹിക്കാം.. അതായിരുന്നു മാധവ് ഗാഡ്ഗില്‍. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മനുഷ്യ സ്നേഹിയെന്ന് ആ ജീവിതത്തെ വിശേഷിപ്പിച്ചാല്‍ അത് ഒട്ടും കുറവ് വരില്ല. പരിസ്ഥിതിയെ പൂര്‍ണമായി സംരക്ഷിച്ച് കൊണ്ട് മാത്രമേ വികസനം സാധ്യമാക്കാവൂ എന്ന നിലപാട് ജീവിതത്തില്‍ അങ്ങോളം അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണ് പരിസ്ഥിതി സംരക്ഷണ ചരിത്രത്തില്‍ മാധവ് ഗാഡ്ഗില്‍ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത.
അദ്ദേഹം അധ്യക്ഷനായ സമിതിയാണ് പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024-ല്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്. തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞന്‍’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ ആയി തെരഞ്ഞെടുത്തത് ആ പ്രവര്‍ത്തന ജീവിതത്തിന്റെ നേര് വിളിച്ച് പറയും. ഭാവി തലമുറയ്ക്ക് സുഗമമായി ജീവിക്കണമെങ്കില്‍ പരിസ്ഥിതിയോട് ചേര്‍ന്ന് നിന്ന് വികസനം നടപ്പാക്കണമെന്ന് സര്‍ക്കാരുകളോട് ഗാഡ്ഗില്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് മാധവ് ഗാഡ്ഗിലിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments