അബുദബി: മധുര പാനീയങ്ങള്‍ക്ക് പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതി ഏര്‍പ്പെടുത്തുന്നതിന് തീരുമാനം. ധനകാര്യമന്ത്രാലയവും, ഫെഡറല്‍ ടാക്‌സ് അതോറ്റിയും ചേര്‍ന്നാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. 2026 ല്‍ പുതിയ നിയമപ്രകാരമുള്ള നികുതി പ്രബല്യത്തിലാകും. കനത്ത ചൂടില്‍ ദാഹമകറ്റാന്‍ ഉപയോഗിക്കുന്ന പാനീയങ്ങള്‍ക്ക് വില കുത്തനെ ഉയരും. സോഫ്റ്റ് ഡ്രിങ്ക്‌സ് എന്ന പേരില്‍ പ്ലാസ്റ്റിക്, സ്റ്റീല്‍ ബോട്ടിലുകളില്‍ ലഭിക്കുന്ന പാനീയങ്ങള്‍ക്ക് പുതിയ നികുതി നിയമപ്രകാരം വില വര്‍ദ്ധിക്കും. പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതി ഈടാക്കുന്നതിനാണ് തീരുമാനം. നിലവില്‍ അമ്പത് ശതമാനം എക്‌സൈസ് തീരുവയാണ് പാനീയങ്ങള്‍ക്ക് ഈടാക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും പാനീയങ്ങളില്‍ ഉള്‍പ്പെടുത്തുന്ന വസ്തുക്കളെ പുനക്രമീകരിക്കുന്നതിനും സമയം അനുവദിക്കുന്നതിനാണ് നേരത്തെ പ്രഖ്യാപനം നടത്തിയത്. 2026ലാകും പുതിയ നികുതി നിയമം പ്രാബല്യത്തില്‍ വരിക. പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തുന്നതിനാണ് യുഎഇയുടെ ശ്രമം. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പുകയില അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 2017 ല്‍ യുഎഇ എക്‌സൈസ് നികുതി ചുമത്തിയിരുന്നു. പഞ്ചസാരയോ മറ്റ് മധുരപലഹാരങ്ങളോ ചേര്‍ത്ത ഏതൊരു ഉല്‍പ്പന്നത്തിനും 50 ശതമാനമാണ് എക്‌സൈസ് നികുതി. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും, എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനമാണ് നികുതി ഈടാക്കുന്നത്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും.