ഫുട്ബോള്‍ ലോകത്തെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാരം പി എസ് ജി താരം ഒസ്മാന്‍ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്ട്രൈക്കര്‍ ഡെംബലെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്
ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഡെംബലെയെ ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിങ്കളാഴ്ച രാത്രി പാരീസിലാണ് പ്രഖ്യാപിച്ചത്. സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബാഴ്‌സലോണയുടെ കൗമാര താരം ലാമിന്‍ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്‌കാരം നേടിയത്.
കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവെച്ചത്. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഇതിന് പുറമേ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.
മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരമായ ഐറ്റാന ബോന്‍മാറ്റി സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐറ്റാന ബാലണ്‍ദ്യോര്‍ സ്വന്തമാക്കുന്നത്. വിക്കി ലോപസാണ് മികച്ച വനിത യുവ താരം. സ്‌പെയിനിന്റെ ലാമിന്‍ യമാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച പുരുഷ യുവ താരമായി. മികച്ച കോച്ചായി പിഎസ്ജിയുടെ ലൂയി എന്റിക്കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ പരിശീലകയ്ക്കുള്ള യൊഹാന്‍ ക്രൈഫ് അവാര്‍ഡ് ഇംഗ്ലണ്ട് വനിതാ ടീം കോച്ച് സറിന വീഗ്മന്‍ നേടി.