പ്രവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ യുഎഇ. 2026 കുടുംബ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇ കുടുംബക്ഷേമ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫസ വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷ നല്‍കാം.
യുഎഇയില്‍ താമസിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാനാകും. ഒരു കുഞ്ഞെങ്കിലുമുള്ള പ്രവാസി കുടുംബങ്ങള്‍ക്കാണ് കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കുക. ഈ വര്‍ഷം യുഎഇ കുടുംബവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വര്‍ഷം മുഴുവന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡുണ്ടെങ്കില്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. രാജ്യത്തിനകത്തും പുറത്തുമുള്ള 34,000 റീട്ടെയില്‍ ഔട്ടലെറ്റുകളില്‍ ഫസ കാര്‍ഡ് സ്വീകരിക്കും. ഫസ സ്റ്റോറിലൂടെ 28,000 ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ വിലക്കുറവില്‍ ലഭ്യമാകും. ലോകത്താകമാനമുള്ള അഞ്ച് ലക്ഷത്തോളം ഹോട്ടലുകളില്‍ കാര്‍ഡിന്റെ പ്രയോജനം ലഭിക്കും. എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 70 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുക. www.faza.ae എന്ന വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷിക്കാനാകും. ജീവിക്കാനും ജോലി ചെയ്യാനുമായി യുഎഇ തെരഞ്ഞെടുത്തവരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.



