പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോര്‍ഡ് ജനക്കൂട്ടം. 2026 പുതുവര്‍ഷത്തലേന്ന് മാത്രം 28 ലക്ഷത്തിലേറെ യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി.
2,836,859 പേരാണ് പുതുവര്‍ഷതലേന്ന് ദുബൈയിലെ പൊതുഗതാഗതസംവിധാനം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദുബായ് മെട്രോയും ബസ്സുകളും ടാക്‌സികളുമെല്ലാം ഇതില് ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിച്ചത് ദുബായ് മെട്രോയെയാണ്. റെഡ്, ഗ്രീന്‍ ലൈനുകളിലായി 12 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു.ഇതിനുപുറമെ അഞ്ച് ലക്ഷത്തിലധികം പേര്‍ പൊതുബസ്സുകളെയും ആറ് ലക്ഷത്തിലധികം പേര്‍ ടാക്‌സികളെയും ഉപയോഗപ്പെടുത്തി. ഇ-ഹെയ്ലിങ് സര്‍വീസുകള്‍, ട്രാം, ജലഗതാഗത മാര്‍ഗങ്ങള്‍ എന്നിവയിലൂടെയും ലക്ഷക്കണക്കിന് ആളുകള്‍ ആഘോഷനഗരികളിലേക്ക് യാത്രചെയ്തു. വന്‍ ജനത്തിരക്ക് കണക്കിലെടുത്ത് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ആര്‍ടിഎ ഏര്‍പ്പെടുത്തിയ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും റോഡ് അടയ്ക്കല്‍ നടപടികളും യാത്ര സുഗമമാക്കാന്‍ സഹായിച്ചു. ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങള്‍ നടക്കുമ്പോഴും സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കാനുള്ള ദുബായുടെ ശേഷി വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കൃത്യമായ പ്ലാനിങ്ങിലൂടെയും തന്ത്രപരമായ ഏകോപനത്തിലൂടെയും വന്‍ തിരക്കിനിടയിലും യാതൊരു തടസ്സവുമില്ലാതെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.



