കുവൈറ്റ് വിമാനത്താവളം വഴി പുതുവത്സര അവധി ദിനങ്ങളില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ദന. മൂന്ന് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ആളുകളാണ് കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയത് ആയിരത്തിലേറെ വിമാനങ്ങളാണ്.ഈ വര്‍ഷത്തെ പുതുവത്സര അവധിക്കാലത്ത് 1,73,982 പേരാണ് കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തത്. കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വിഭാഗം പുറത്ത് വിട്ട കണക്കാണ് ഇത്. ജനുവരി 1 മുതല്‍ 3 വരെയുളള മൂന്ന് ദിവസങ്ങളിലെ കാണക്കാണ് ഇത്. ടെര്‍മിനല്‍ ഒന്ന് വഴി 72,427 പേരും, ടെര്‍മിനല്‍ നാല് വഴി 54,330 പേരും, ടെര്‍മിനല്‍ അഞ്ചിലൂടെ 47,225 പേരും യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അവധി ദിവസങ്ങളില്‍ 1,082 വിമാന സര്‍വീസുകളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഓപ്പറേറ്റ് ചെയ്തത്. ഇതില്‍ 540 വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് പുറപ്പെട്ടതും 542 വിമാനങ്ങള്‍ രാജ്യത്തേക്ക് എത്തിയതുമാണ്. പുതുവത്സര അവധി ആഘോഷിക്കാന്‍ കുവൈത്തിലെ താമസക്കാര്‍ പ്രധാനമായും തിരഞ്ഞെടുത്തത് ദുബായ്, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുള്‍ എന്നീ നഗരങ്ങളെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളിലും പ്രത്യേക ക്രമീകരണങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെ മികച്ച സൗകര്യങ്ങളും വേഗത്തിലുളള നടപടിക്രമങ്ങളുമാണ് യാത്രക്കാരുടെ വര്‍ദ്ധനവിന് കാരണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം വ്യക്തമാക്കി.



