യു.എ.ഇയില്‍ ഡ്രവറില്ലാ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാല് വാഹനങ്ങള്‍ക്ക് ഇന്റെഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ പ്രവര്‍ത്തനാനുമതി നല്‍കി. വൈകാതെ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.
പരീക്ഷണ ഓട്ടം വിജയകരമായിതിന് പിന്നാലെയാണ് അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ സര്‍വീസ് മെനാ മേഖലയിലായിരിക്കും. വീറൈഡ്, ഓട്ടോഗോ കെ-2 എന്നി കമ്പനികള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുളളത്. നാല് വാഹനങ്ങളായിരിക്കും തുടക്കത്തില്‍ സര്‍വീസ് നടത്തുക. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെയും കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റിലെ റെഗുലേഷന്‍സ് ലാബിന്റെയും പരിശോധനക്ക് ശേഷമാണ് സര്‍വീസിന് അംഗീകാരം നല്‍കിയത്. വാഹനങ്ങളുടെ പ്രകടനം, സെന്‍സര്‍ സംവിധാനങ്ങള്‍, വാഹനങ്ങളുടെ പ്രതികരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കര്‍ശനമായ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്റെഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു.വാഹനങ്ങളുടെ ചലനങ്ങള്‍, ഓപ്പറേറ്റര്‍മാരുമായി ഏകോപിപ്പിച്ച് നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തത്സമയം നിരീക്ഷിക്കും. അബുദാബിയില്‍ വിവിധ ഭാഗങ്ങളില്‍ ഡ്രൈവറില്ലാ ടെലിവറി വാഹനങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പരീക്ഷണത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്നുണ്ട്. അധികം വൈകാതെ കൂടുതല്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കാനുളള തയ്യാറെടുപ്പിലാണ് അബുദാബി ഇന്റെഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍.



