ദുബൈ: പുതിയ വേരിയബിള്‍ സാലിക് നിരക്ക് സംവിധാനം ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം ഒമ്പത് ശതമാനം കുറച്ചതായി ആര്‍ടിഎ. തിരക്കേറിയ സമയങ്ങളില്‍ ആറ് ദിര്‍ഹമാണ് സാലിക് നിരക്ക് ഈടാക്കുന്നത്. ജനുവരി മുപ്പത്തിയൊന്നിനാണ് പുതിയ സാലിക് നിരക്ക് പ്രാബല്യത്തിലായത്. തിരക്കേറിയ സമയങ്ങളില്‍ സാലിക് നിരക്ക് വര്‍ദ്ധിപ്പിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനാണ് സാലിക്ക് നിരക്കുകളില്‍ മാറ്റം വരുത്തിയത്. ഇത് ഫലം കണ്ടുവെന്നാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി വ്യക്തമാക്കുന്നത്. ഗതാഗത കാര്യക്ഷമത 20 മുതല്‍ 30 ശതമാനം വരെ മെച്ചപ്പെടുത്തുക എന്നതിനാണ് പദ്ധതിയിലൂടെ മുന്‍ഗണന നല്‍കുന്നത്. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ സാന്നിധ്യത്തില്‍ നടന്ന വര്‍ക്ക്‌ഷോപ്പിലാണ് ആര്‍ടിഎ കണക്കുകള്‍ വ്യക്തമാക്കിയത്. ഗതഗാതം മെച്ചപ്പെടുത്താന്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് എമിറേറ്റില്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മറ്റര്‍ അല്‍ തായര്‍ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയും, വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും ആറ് ദിര്‍ഹമാണ് സാലിക്ക് നിരക്ക്. രാവിലെ പത്ത് മുതല്‍ നാല് വരെയും, വൈകിട്ട് എട്ട് മുതല്‍ രാത്രി ഒരു മണി വരെയും നാല് ദിര്‍ഹവുമാണ് സാലിക്ക് നിരക്ക് ഈടാക്കുന്നത്. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ സാലിക്ക് നിരക്ക് ഈടാക്കില്ല. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളില്‍ നാല് ദിര്‍ഹം ആണ് നിരക്ക്.