നിമിഷപ്രിയയ്ക്ക മാപ്പ് നല്‍കില്ലെന്ന് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം. വധശിക്ഷ നല്‍കണമെന്നതില്‍ ഉറച്ച് നില്‍ക്കുന്നതായി സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി പറഞ്ഞു. അതേസമയം അനുനയ ചര്‍ച്ചകള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഒത്തുതീര്‍പ്പിന് തയാറല്ലെന്നും ദിയാധനം സ്വീകരിക്കില്ലെന്നും തലാലിന്‌റെ സഹോദരന്‍ പറഞ്ഞാതായാണ് റിപ്പോര്‍ട്ട്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി ബിബിസിയോട് വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കുടുംബത്തിന്‌റെ പ്രതികരണം പുറത്തുവരുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതര്‍ മുഖേന നടത്തിയ ചര്‍ച്ചകളില്‍ അനുരജ്ഞന സാധ്യത തെളിയുന്നു എന്ന സൂചനകള്‍ വന്നിരുന്നു. ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ കോടതി നീട്ടിവയ്ക്കുകയും ചെയ്തു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വധശിക്ഷ നീട്ടിവച്ചിരിക്കുന്നു എന്നാണ് കോടതി ഉത്തരവ്.
തലാലിന്‌റെ കുടുംബവുമായി ചര്‍ച്ച നടക്കുന്നതായും അതില്‍ തീരുമാനം ആകുന്നത് വരെ സാവകാശം വേണമെന്നുള്ള വാദത്തിലാണ വിധി. എന്നാല്‍ അതിന് പിന്നാലെയാണ് അനുനയനീക്കത്തിന് വഴങ്ങില്ലെന്ന തരത്തില്‍ കുടുംബത്തിന്റെ പ്രതികരണം വരുന്നത്. കുടുംബത്തിന് ഈ വിഷയത്തില്‍ അഭിപ്രായ ഐക്യതയില്‍ എത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും പുരോഗമിക്കുന്നത്. അനുരജ്ഞന ചര്‍ച്ചകള്‍ നടത്തുമെന്നും സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. ചര്‍ച്ചകള്‍ തുടരുന്നതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വ്യക്തമാക്കി.