നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെ കോടതി കുറ്റവിമുക്തനാക്കി, ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. കേസി പള്‍സര്‍ സുനിയടക്കം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.
2017 ഫെബ്രുവരി 17 നായിരുന്നു തൃശ്ശൂരില്‍ നിന്ന് സിനിമയുടെ ഡബ്ബിങ്ങിനായി എറണാകുളത്തേക്ക് വരുന്നതിനിടെ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ പള്‍സര്‍ സുനിയടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപിലേക്ക് കാര്യങ്ങള്‍ എത്തിയത് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാത്രമായിരുന്നു. ഗുഢാലോചന കുറ്റമാണ് ദിലിപിനുമേല്‍ ചുമത്തപ്പെട്ടിരുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രൊസീക്യൂഷന്റെ ആരോപണം. എന്നാലിത് കോടതിയില്‍ തെളിയിക്കാന്‍ ആയില്ലെന്ന് ജഡ്ജി ഹണി വര്‍ഗീസ് വിധിച്ചു. കേസില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസിലെ ആദ്യത്തെ ആറ് പ്രതികളായ പള്‌സര്‍ സുനിമ, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവര്‍ക്കെതിരെ മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍, അന്യായമായ തടങ്കല്‍, ബലപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 12 ന് പ്രഖ്യാപിക്കും. തനിക്കെതിരെയാണ് ഒരു മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥയും പൊലീസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതെന്നും മാധ്യമങ്ങളും ഇതില്‍ പങ്കാളികളായെന്നും ദിലീപ് വിധി വന്നശേഷം പ്രതികരിച്ചു. മഞ്ജുവാര്യര്‍ക്കെതിരെയും ദിലീപ് കോടതിവളപ്പില്‍ വെച്ച് പ്രതികരണം നടത്തി.



