സമൂഹമാധ്യമങ്ങളില്‍ ധനകാര്യ-നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കും യുഎഇ ഇന്‍ഫ്‌ളുവന്‍സര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി.സെക്യുരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് എക്‌സ്‌ചേഞ്ചിന്റേതാണ് നിര്‍ദ്ദേശം.ഈ മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനാണ് തീരുമാനം എന്ന് എസ്.സി.എ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും നിക്ഷേപം,ധനകാര്യഉപദേശം,ട്രേഡിംഗ് എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കാണ് ഇന്‍ഫ്‌ളുവന്‍സര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ധനകാര്യ ഉള്ളടക്കങ്ങള്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇ സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിട്ടി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.നിക്ഷേപ സംബന്ധമായ വിലയിരുത്തലുകള്‍,ശുപാര്‍ശകള്‍,ധനകാര്യമേഖലയുമായി ബന്ധപ്പെട്ട പ്രൊമോഷനുകള്‍ എന്നിവ ചെയ്യുന്നവര്‍ക്കും തീരുമാനം ബാധകമാണ്.
ഓഹരിവിപണിയുമായി ബന്ധപ്പെട്ട
ഉപദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നവരും ലൈസന്‍സ് എടുക്കണം.നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ധനകാര്യവിവരങ്ങളുടെ ഉത്തരവാദിത്തവും കൃത്യതയും കാത്തുസൂക്ഷിക്കുന്നതിനും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനും ആണ് ഈ നീക്കം എന്നും എസ്.സി.എ അറിയിച്ചു.നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.അടുത്ത മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് ഫീ ഒഴിവാക്കിയിട്ടുണ്ടെന്നും എസ്.സി.എ വ്യക്തമാക്കി.