കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. 24 മണിക്കൂര്‍ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക് രാജ്യമൊട്ടാകെയുള്ള പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണിക്ക് അവസാനിക്കും. പ്രധാന നഗരങ്ങളായ ബെംഗളൂരു,ദില്ലി,മുംബൈ,ചെന്നൈ, എന്നിവിടങ്ങളിലൊന്നും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളടക്കം നിരത്തിലിറങ്ങിയില്ല. പൊതുഗതാഗതം തടസപ്പെട്ടു. സമരം ജനജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെയാണ് പ്രധാനമായും പ്രതിഷേധം.
വര്‍ഷങ്ങളായി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്‌റെ തീരുമാനമെന്നാണ് ആരോപണം. ലേബര്‍ കോഡ് കോര്‍പ്പേറേറ്റുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. അതോടൊപ്പം വര്‍ധിച്ചുവരുന്ന കരാര്‍ വത്കരണത്തെയും, സ്വകാര്യ വത്കരണത്തെയും യൂണിയനുകള്‍ എതിര്‍ക്കുന്നുണ്ട്. വിലക്കയറ്റത്തിനനുസരിച്ച് വേതനം വര്‍ധിക്കാത്തതും യൂണിയനുകള്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക,വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ , അവശ്യവസ്തുക്കളുടെ വിലക്കയറ്റം ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ ബജറ്റുകളിലെ വെട്ടിച്ചുരുക്കല്‍ എന്നിവയിലും ഇടപെടല്‍ വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നു.