ഈ വാരന്ത്യം ഉള്‍പ്പെടെ അടുത്ത പതിമൂന്ന് ദിവസം ദുബൈ രാജ്യാന്ത വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ദുബൈ എയര്‍പോര്‍ട് അതോരിറ്റി. മധ്യവേനല്‍ അവധി കഴിഞ്ഞ് ആളുകള്‍ മടങ്ങിയെത്തുന്നതോടെയാണ് തിരക്ക് വര്‍ദ്ധിക്കുന്നത്. 3.4 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ പ്രതിദിനം 2,64,000 പേര്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കണക്കുകള്‍. ഈ വാരാന്ത്യവും അടുത്ത വാരാന്ത്യവും ഏറ്റവും തിരക്കേറിയ ദിവസങ്ങളാകും.
ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ അഞ്ച് ലക്ഷം പേര്‍ എത്തുമെന്നാണ് കണക്ക്. രണ്ടാം തിയതി 2,91,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദുബൈ എയര്‍പോര്‍ട് അതോരിറ്റി അറിയിച്ചു. വിമാനത്താവളത്തിലെ തിരക്ക് പ്രമാണിച്ച് ദുബൈയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ ഈ ദിവസങ്ങളില്‍ യാത്രാനടപടിക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കണമെന്ന് എയര്‍പോര്‍ട് അതോരിറ്റി അറിയിച്ചു.
ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ റെക്കോര്‍ഡ് യാത്രക്കാരാണ് സഞ്ചരിച്ചത്. 44.9 ദശലക്ഷമാണ് യാത്രക്കാരുടെ എണ്ണം. പ്രതിവര്‍ഷം എട്ട് ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന. യുഎഇയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. ആദ്യ ആറ്മാസത്തില്‍ 7.17 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്.