ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ ഈ സീസണിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. സന്ദര്‍ശന കേന്ദ്രം മെയ് പതിനെട്ട് വരെ പ്രവര്‍ത്തിക്കും. ആകര്‍ഷകമായ അനുഭവങ്ങളാണ് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. ഗ്ലോബല്‍ വില്ലേജിന്റെ 29-ാമത് സീസണ്‍ ഇന്നലെ അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഒരാഴ്ചത്തേയ്ക്ക് കൂടി പ്രവര്‍ത്തനം നീട്ടിയത്. സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓഫറുകളും സന്ദര്‍ശകര്‍ക്ക് ലഭിക്കും. മെയ് പതിനെട്ട് വരെ എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്‌സ് ഗോ ഫ്രീ ഓഫര്‍ തുടരും. 50 ദിര്‍ഹത്തിന് കാര്‍ണിവല്‍ റൈഡുകള്‍ ആസ്വദിക്കാം. ഇതിനൊപ്പം വിവിധ ഗെയിമുകളും സമ്മാനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും രുചിവൈവിധ്യങ്ങള്‍ക്കുമായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത വാരാന്ത്യത്തില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി വെടിക്കെട്ടും നടത്തും.