ദുബൈ: നഗര, ഗ്രാമ മേഖലകളാക്കി വിഭജിക്കുന്നതിനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ച് ദുബൈ പൊലീസ്. സുരക്ഷയും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം. ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2024ന്റെ ഭാഗമായാണ് പദ്ധതി. എമിറേറ്റിന്റെ സമസ്ഥ മേഖലകളിലും സുരക്ഷയും സേവനങ്ങളും എത്തിക്കുന്നതിനാണ് ദുബൈ പൊലീസിന്റെ പുതിയ സംരംഭം. അര്‍ബന്‍, റൂറല്‍ എന്ന പേരില്‍ എമിറേറ്റിനെ രണ്ട് മേഖലകളാക്കി വിഭജിക്കുന്നതിനാണ് തീരുമാനം. ഈ മേഖലകളില്‍ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനും പരിശോധനകള്‍ വേഗത്തിലാക്കുന്നതിനും സാധിക്കും. ഓരോ മേഖലയിലും അത്യാധുനിക സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്‍, നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തും. എമിറേറ്റിലെ ഓരോ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി അറിയിച്ചു. പൊലീസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കും. പുതിയ സംരംഭത്തിലൂടെ അടിയന്തര സേവനങ്ങള്‍ വേഗത്തിലെത്തിക്കാന്‍ സാധിക്കും. എമിറേറ്റിന്റെ എല്ലാ മേഖലകളിലും മുഴുവന്‍ സമയവും സുരക്ഷയും സേവനവും ഉറപ്പാക്കും. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക.