ദുബൈ നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ ആര്‍ടിഎ 726 അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ദുബൈയിലെ ജനസാന്ദ്രതയേറിയ വിവിധ ഭാഗങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.മെട്രോ സ്റ്റേഷനുകള്‍, ടാക്‌സി സ്റ്റാന്‍ഡുകള്‍, മറ്റ് ഗതാഗത സംവിധാനങ്ങള്‍ എന്നിവയുമായി ബസ് സര്‍വീസുകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ഈ പുതിയ ഷെല്‍ട്ടറുകള്‍ സഹായിക്കും. യാത്രക്കാര്‍ക്ക് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് കൂടുതല്‍ എളുപ്പമാകും.യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പാക്കാനാകും.പുതിയ ഷെല്‍ട്ടറുകള്‍ പ്രതിവര്‍ഷം 192 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നു. ചില ഷെല്‍ട്ടറുകള്‍ 10ലധികം ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവിലെ തിരക്ക് പരിഗണിക്കുന്നതിനൊപ്പം തന്നെ ഭാവിയില്‍ പൊതുഗതാഗത സംവിധാനത്തിലുണ്ടാകാന്‍ പോകുന്ന വികസനസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിലുള്ള നിര്‍മാണ ശൈലിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.



