ദുബൈ: സ്വകാര്യ സ്‌കൂളുകളിലെ പഠനത്തിന് ചിലവേറുന്നു. സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡിവലെപ്പ്‌മെന്റ് അതോറിറ്റിയാണ് അനുമതി നല്‍കി. അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ദ്ധന നടപ്പിലാക്കും. സ്‌കൂളുകളുടെ നടത്തിപ്പ് ചെലവ്, ജീവനക്കാരുടെ ശമ്പളം, വാടക ചെലവ് തുടങ്ങിയവ കണക്കിലെടുത്താണ് ഫീസ് വര്‍ധനയ്ക്ക് അനുമതി. ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ സ്‌കൂളുകള്‍ സമര്‍പ്പിച്ച വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം. സ്‌കൂള്‍ ഗ്രേഡിന് അനുയോജ്യമായ രീതിയില്‍ ഫീസ് വര്‍ധിപ്പിക്കും. 2.35 ശതമാനം വര്‍ദ്ധനയ്ക്കാണ് അനുമതി. ഒരു വിദ്യാഭ്യാസ വര്‍ഷത്തേക്കാണ് പുതുക്കിയ ഫീസ് ബാധകമാവുക. വിദ്യാഭ്യാസ മേഖലയിലെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് വിദ്യാഭ്യാസ സേവന വിഭാഗം ഡയറക്ടര്‍ ഷമ്മ അല്‍ മന്‍സൂരി പറഞ്ഞു. ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതിനാണ് പ്രഥമ പരിഗണന. അതേസമയം അടുത്ത അധ്യയന വര്‍ഷത്തെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃര്‍ത്തി പരിചയമുള്ള സ്‌കൂളുകള്‍ക്കാണ് പരിഗണന. കെഎച്ച്ഡിഎയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഫീസ് വര്‍ദ്ധനയ്ക്കുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.