ദുബൈയുടെ നഗരഗതാഗത വികസനത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ആര്‍ടിഎ. അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ് നവീകരണത്തിന് കരാര്‍ നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം അമ്പത് ശതമാനം വരെ കുറക്കാന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.633 ദശലക്ഷം ദിര്‍ഹം ചിലവില്‍ നിര്‍മ്മിക്കുന്ന ബൃഹത്ത് പദ്ധതിയ്ക്കാണ് ആര്‍ടിഎ കരാര്‍ നല്‍കിയത്. ദുബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തുകൂടി കടന്നു പോകുന്ന പ്രധാന ഇടനാഴിയായ അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ് നവീകരിക്കും. 3.5 കിലോ മീറ്റര്‍ വീതിയിലാണ് സ്ട്രീറ്റിന്റെ നവീകരണം. ഒരോ ദിശയിലേക്കും നാല് വരി പാതകളാണ് നിര്‍മ്മിക്കുന്നത്. സബീല്‍ പാലസ് സ്ട്രീറ്റ് മുതല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് വരെ നീളുന്നതാണ് പദ്ധതി. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് നവീകരിക്കും. പ്രദേശത്ത് റോഡിന്റെ ശേഷി 33 ശതമാനം വര്‍ദ്ധിപ്പിക്കും. മണിക്കൂറില്‍ പരമാവധി 8,800 വാഹനങ്ങള്‍ക്ക് വരെ കടന്നു പോകാന്‍ സാധിക്കും. യാത്രാ സമയം 13 മിനിറ്റില്‍ നിന്നും ആറ് മിനിറ്റായി കുറയും.
വേള്‍ഡ് ട്രേഡ് സെന്ററിന സമീപമുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇല്ലാതെയാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാറ്റര്‍ അല്‍ തായര്‍ അറിയിച്ചു. 1,200 മീറ്റര്‍ നീളമുള്ള മൂന്ന് ഭൂഗര്‍ഭ പാതകള്‍, 450 മീറ്റര്‍ നീളത്തില്‍ പാലം എന്നിവ പുതിയ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ദെയ്‌റ ഭാഗത്തേയ്ക്ക് സഞ്ചരിക്കാന്‍ ഭൂഗര്‍ഭ പാത നിര്‍മ്മിക്കും. മണിക്കൂറില്‍ 4500 വാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയും. ദെയ്‌റയില്‍ നിന്നും ജബല്‍ അലി ഭാഗയ്ക്കുള്ള റോഡില്‍ പ്രവേശിക്കുന്നതിനായുള്ള തുരങ്കവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. റോഡ് വികസന പദ്ധതിയുടെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതകള്‍, മേല്‍പ്പാലങ്ങള്‍, സൈക്ലിംഗ് ട്രാക്ക്, ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.