ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ആരംഭിച്ച “റെഡ് കാർപെറ്റ്’ സ്മാർട്ട് കോറിഡോറുകളാണ് കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കാൻ പദ്ധതിയിടുന്നത ദുബായ് എയർപോർട്ടുമായി സഹകരിച്ച് അടുത്തിടെ ആരംഭിച്ച ഇൗ എഎെ അധിഷ്ഠിത സംവിധാനം യാത്രക്കാർക്ക് രേഖകൾ ഹാജരാക്കാതെ തന്നെ പാസ്പോർട്ട് നിയന്ത്രണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.സ്മാർട്ട് കോറിഡോറുകൾ ഒരേസമയം 10 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ളതാണ്.പ്രോസസിങ് സമയം 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് എന്നുള്ളതിനാൽ യാത്രക്കാർക്ക് സമയം ലാഭിക്കാൻ സാധിക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഒാഫ് എെഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് വിലയിരുത്തുന്നു.
ലോകത്തെ ആദ്യത്തെ അതിവേഗ എമിഗ്രേഷൻ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന ഇൗ സാങ്കേതികവിദ്യ ഏറ്റവും പുതിയ ബയോമെട്രിക് എെഡന്റിഫിക്കേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർ കോറിഡോറിലൂടെ നടന്നുപോകുമ്പോൾ സ്മാർട്ട് സെൻസറുകൾ മുഖം സ്കാൻ ചെയ്യുകയും വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും. എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ സിസ്റ്റം തന്നെ കൂടുതൽ പരിശോധനയ്ക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് അയക്കും.യാത്രാ രേഖകളില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇൗ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ യാത്രക്കാരുടെ മുഖം തിരിച്ചറിയാൻ സാധിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. “”അതിർത്തി കടക്കും മുമ്പ് തന്നെ വിമാനത്താവള സംവിധാനങ്ങൾ യാത്രക്കാരുടെ വിവരങ്ങൾ തിരിച്ചറിയാൻ തുടങ്ങും. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കും.സംശയാസ്പദരായ ആളുകളെ കണ്ടെത്താനും നിയമലംഘനങ്ങൾ തിരിച്ചറിയാനും ഇൗ സാങ്കേതികവിദ്യ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബമായി എത്തുന്നവർക്കും വലിയ ഗ്രൂപ്പുകൾക്കും ഒരുമിച്ച് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ഇതിലൂടെ അവസരം നൽകുന്നു. നിലവിൽ ഡിഎക്സ്ബി ടെർമിനൽ 3-ലെ ചില യാത്രക്കാർക്ക് ഇത് ലഭ്യമാണ്. ഇൗ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ദുബായ് വിമാനത്താവളം ആഗോള യാത്രാകേന്ദ്രമെന്ന നിലയിൽ കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുംകാലങ്ങളിൽ യാത്രാ നടപടികൾ കൂടുതൽ കാര്യക്ഷമവും വേഗമേറിയതുമാവുമെന്നും അധികൃതർ അറിയിച്ചു.