തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ തിരുത്തും. തെറ്റുകള്‍ തിരുത്തല്‍ കമ്യൂണിസ്റ്റ് ഗുണമാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തുറന്നുപറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത എണ്ണമറ്റ കാര്യങ്ങള്‍ കേരളത്തിന്റെ എല്ലാ തുറകളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ നീണ്ടു പരന്ന് കിടക്കുന്നവയാണ്. അതുകൊണ്ടുത്തന്നെ ജനങ്ങളുടെ വോട്ട് എല്‍ഡിഎഫിനുള്ള വിജയ വോട്ടുകളാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷ ഫലവത്തായില്ല. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പരാജയം പുത്തരിയല്ല. പരാജയപ്പെട്ടാല്‍ അതോടുകൂടി എല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കുന്നില്ല. ചരിത്രം ആര്‍ക്കെങ്കിലും വേണ്ടി അവസാനിക്കുന്നില്ലെന്നും കാലത്തിന്റെ തീരുമാനമായിട്ടാണ് ഈ പരാജയത്തെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനെക്കാളും വലുത് ജനങ്ങളാണ്. ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്ത്തി അംഗീകരിക്കുന്നു. ജനങ്ങള്‍ തന്ന മുന്നറിയിപ്പായി ഈ പരാജയത്തെ കാണുന്നുവെന്നും ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ തിരുത്തും. തെറ്റുകള്‍ തിരുത്തല്‍ കമ്യൂണിസ്റ്റ് ഗുണമാണ്. വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരും. എല്‍ഡിഎഫിന്റെ മൂന്നാം ഊഴം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.



