ഒമ്പതാമത് ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന് ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടും നിന്ന് 110 ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ സായുധ സേന, അവരുടെ പങ്ക്, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ ദൗത്യങ്ങള്‍ എന്നിവ എടുത്തുകാണിക്കുന്ന ഒരു ഡോക്യുമെന്ററിയും ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുടെ സമുദ്ര പ്രതിരോധ, സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ഖത്തര്‍ സായുധ സേനയുടെ പവലിയനുകളും ശ്രദ്ധാകേന്ദ്രമാണ്. നാവിക കപ്പല്‍ നിര്‍മ്മാണം, ആശയവിനിമയം, റഡാര്‍, മിസൈലുകള്‍, കടല്‍ ഖനികള്‍, സൈബര്‍ സുരക്ഷ, കൌണ്ടര്‍-പൈറസി പ്രവര്‍ത്തനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈനിക പ്രതിരോധ മേഖലയിലെ മറ്റ് പ്രത്യേക സമുദ്ര വ്യവസായങ്ങളും സേവനങ്ങളും എന്നിവയുമായി ബന്ധപ്പെട്ട നൂതന സംവിധാനങ്ങളും പരിഹാരങ്ങളും പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹസ്സന് ബിന്‍ അലി അല്‍-താനിയുടെ സാന്നിധ്യത്തില്‍ സമുദ്ര പ്രതിരോധ മേഖലയിലെ നിരവധി കരാറുകള്‍, ധാരണാപത്രങ്ങള്‍, തന്ത്രപരമായ കരാറുകള്‍ എന്നിവയില്‍ ഒപ്പുവെച്ചു. ഹമദ് തുറമുഖത്ത് യുദ്ധകപ്പലുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. 8 രാജ്യങ്ങളുടെ യുദ്ധകപ്പലുകളണ് ഹമദ് തുറമുഖത്ത് നങ്കൂരമിട്ടത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും.



