യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സമാധാന കരാറായില്ല.മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി സൂചന.റഷ്യ യുക്രൈന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയാകാതെയാണ് ചര്‍ച്ച അവസാനിച്ചത്.എന്നാല്‍ മറ്റ് പല കാര്യങ്ങളിലും ധാരണയായെന്നും അന്തിമ കരാറിലേക്കെത്തിയില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.നാറ്റോ രാജ്യങ്ങളുമായി സംസാരിക്കുമെന്നും അതിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്നും ട്രംപ് പറഞ്ഞു.
റഷ്യയ്ക്ക് പല കാര്യങ്ങളിലും ആശങ്കയുണ്ടെന്നും യുക്രൈന്‍ സഹോദര രാജ്യമാണെന്നും വ്‌ളാദിമിര്‍ പുടിന്‍ പ്രതികരിച്ചു.സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ചര്‍ച്ചകള്‍ തുടരുമെന്നും പുടിന്‍ വ്യക്തമാക്കി.ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ച പുടിന്‍ 2022ല്‍ ട്രംപായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ യുക്രൈനുമായി സംഘര്‍ഷം ഉണ്ടാകില്ലായിരുന്നു എന്നും പ്രതികരിച്ചു.റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച സമയത്ത് ട്രംപ് പറഞ്ഞ അവകാശ വാദമാണ് റഷ്യന്‍ പ്രസിഡന്റ് അംഗീകരിച്ചിരിക്കുന്നത്.അതേസമയം ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ചയില്‍ ധാരണയായ കാര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് ട്രംപും പുടിനും വ്യക്തമാക്കിയിട്ടില്ല