സൗദി അറേബ്യയുമായി 10,000 കോടി ഡോളറിന്റെ ആയുധ ഉടമ്പടിക്ക് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തില്‍ ആയിരിക്കും പ്രഖ്യാപനം.മെയ് പതിമൂന്നിനാകും ട്രംപ് സൗദിയില്‍ എത്തുക
പ്രതിരോധ രംഗത്ത് സൗദിയുമായി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.സൗദി അറേബ്യയ്ക്ക് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ കൈമാറുന്ന സുപ്രധാന ഉടമ്പടിയില്‍ ആയിരിക്കും ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെയ്ക്കുക.ആര്‍ടിഎക്‌സ് കോര്‍പ്,ജനറല്‍ ആറ്റോമിക്‌സ്,ലോഹീഡ് മാര്‍ട്ടിന്‍,ബോയിംഗ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ കമ്പനികളും സൗദി അറേബ്യയും തമ്മിലായിരിക്കും കരാര്‍.അമേരിക്കയിലെ പ്രമുഖ ആയുധകമ്പനികളുടെ പ്രതിനിധികളും ട്രംപിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പം സൗദിയില്‍ എത്തിയേക്കും.
അമേരിക്കയിലേക്ക് സൗദിയില്‍ നിന്നും ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ടാണ് ട്രംപ് എത്തുന്നത്.മെയ് പതിമൂന്ന് മുതല്‍ പതിനാറ് വരെ നീണ്ടുനില്‍ക്കുന്നതാണ് ഡൊണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനം.സൗദി അറേബ്യയ്ക്ക് ഒപ്പം യുഎഇയിലും ഖത്തറിലും ട്രംപ് സന്ദര്‍ശനം നടത്തും എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് വ്യക്തമാക്കിയത്.