ബേബി ഫോര്‍മുലകളില്‍ ടോക്സിന്‍ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യവിപണിയില്‍ നിന്നും പ്രോഡക്ടുകള്‍ പിന്‍വലിച്ച് നെസ്ലേ. വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ എന്‍എഎന്‍, എസ്എംഎ, ബെബ എന്നിവയാണ് നെസ്ലേ തിരിച്ചുവിളിച്ചത്. സൗദിയടക്കമുള്ള ജിസിസി രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഈ ഉത്പന്നങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ എന്‍എഎന്‍, എസ് എംഎ, ബെബ എന്നിവയില്‍ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവയടങ്ങിയവ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയുണ്ടാകാന്‍ കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങള്‍ക്ക് പാല്‍ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിര്‍വീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി പറഞ്ഞു. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് നോര്‍വേയിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സി അറിയിച്ചു. ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യൂറോപ്പിലുടനീളം കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ ഇവ തിരിച്ചുവിളിക്കപ്പെടുകയായിരുന്നു. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങള്‍ നെസ്ലേ തിരിച്ചുവിളിച്ചത്. ഡിസംബര്‍ മുതലാണ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെസ്ലെ ബേബി ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സൗദി അറേബ്യയുടെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്്. എന്നാല്‍ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെസ്ലെ ഉത്പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്ലെ സിഇഒ ഫിലിപ്പ് നവരാറ്റില്‍ പറയുന്നു. കിറ്റ്കാറ്റ് മുതല്‍ നെസ്‌കഫെ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് നെസ്ലെ. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിഷവസ്തുവിന്റെ സാന്നിധ്യം മൂലം തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങളുമായി ബന്ധമില്ലെന്നാണ് നെസ്ലെ അറിയിക്കുന്നത്.



