അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 81 ആയി. 41 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്. അതേസമയം വീണ്ടും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.മരണസംഖ്യ ഇനിയും ഉയരുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ആറിയിച്ചു. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഗ്വാഡലൂപ്പ് നദിക്കരിയിലെ ക്യാംപ് മിസിറ്റിക്കല്‍ ഉണ്ടായിരുന്ന ഒരു കൗണ്‍സിലറെയും പത്ത് പെണ്‍കുട്ടികളെയും ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകിയ വഴിയേ വിദൂരപ്രദേശങ്ങളും തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ നിന്നും 850 പേരെ രക്ഷപ്പെടുത്തി. കെര്‍ കൗണ്ടിയില്‍ നിന്നും കണ്ടെടുത്തവരില്‍ 18 മുതിര്‍ന്നവരുടെയും പത്ത് കുട്ടികളുടെയും മതൃദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥയിലാണ് ഇപ്പോഴും തെരച്ചില്‍ പുരോഗമിക്കുന്നത്.
ചെളിക്കൂമ്പാരങ്ങള്‍ക്കിടയില്‍ വിഷപാമ്പുകള്‍ ഉള്ളതും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വീണ്ടും കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ പരമാവധി വേഗതത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. മിന്നല്‍പ്രളയമുണ്ടായ സമയത്ത് 700 പെണ്‍കുട്ടികളാണ് ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകള്‍ക്കുള്ളില്‍ ആറടിപ്പൊക്കത്തില്‍ വെള്ളം വന്നുനിറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒട്ടേറെപ്പേര്‍ നദിക്കരയിലെ താമസയിടങ്ങളില്‍ ഉണ്ടായിരുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് കെര്‍ കൗണ്ടിയെയാണ്. നാഷനല്‍ വെതര്‍ സര്‍വീസിന്റെ കാലഹരണപ്പെട്ട പ്രവചന രീതികള്‍ പരിഷ്‌കരിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കെര്‍ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമായി പ്രഖ്യാപിച്ച് യുഎസ് പ്രസിസന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിറക്കി.