ജനപ്രിയ പദ്ധതികള്‍ നിറച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിച്ചുവെന്നതും ബാലഗോപാലിന്റെ ബജറ്റിനെ ശ്രദ്ധേയമാക്കി.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദം ആവര്‍ത്തിച്ചുകൊണ്ടാണ് ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. നിരവധി ജനപ്രിയ പദ്ധതികള്‍കൊണ്ട് നിറഞ്ഞതായിരുന്നു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. മാസങ്ങളോളം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരും രൂപ വര്‍ദ്ധിപ്പിച്ചത് ശ്രദ്ധേയമായി. ക്ഷേമ പെന്‍ഷനുകള്‍ക്കായി 14500 കോടി വകയിരുത്തിയ ബജറ്റില് കെ റെയിലിന് ബദലായി വരുന്ന അതിവേഗ പാതതയ്ക്ക് 100 കോടി വകയിരുത്തിയതും കൗതുകമായി. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി ബജറ്റ് രേഖ അവതരിപ്പിച്ചുവെന്നത് ശ്രദ്ധ നേടി. വയോമിത്രം പദ്ധതിക്കായി അധിക തുക ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കായി കൂടുതല് റിട്ടയര്‍മെന്റ് റൂമുകള്‍ നിര്‍മിക്കും. ഖരമാലിന്യ സംസ്‌ക്കരണത്തിന് 160 കോടി, അയങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി, വിഴിഞ്ഞം വികസനത്തിന് 1000 കോടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, സഹകരണ മേഖലയ്ക്കായി 248 കോടി, സര്‍ക്കാര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിഖള്‍ക്ക് സൗജന്യ യൂണിഫോമിനായി 150 കോടി. അടിസ്ഥാന സൗകര്യ വികസനത്തിനായി 159 കോടി, ലൈഫ് പദ്ധതിക്ക് 1497 കോടി, സ്തീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് 485 കോടി എന്നിങ്ങനെയാണ് വകയിരുത്തലുകള്‍. പത്രപ്രവര്‍ത്തക പെന്‍ഷന്‍, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര് ജീവനക്കാരുടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കുമെന്നും ബജറ്റിലുണ്ട്. ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിലെ സവിശേഷതയാണ്.



