ചെങ്കടലില്‍ മറ്റൊരു ചരക്ക് കപ്പല്‍ കൂടി മുക്കി യെമനിലെ ഹൂത്തി സായുധ സംഘം.കപ്പലിലുണ്ടായിരുന്ന പതിനഞ്ച് ജീവനക്കാരെ കാണാതായി.ഈ ആഴ്ച്ച ഇത് രണ്ടാമത്തെ കപ്പലാണ് ഹൂത്തികള്‍ ആക്രമിച്ച് ചെങ്കടലില്‍ മുക്കിയത്.ഗ്രീക്ക് ഉടമസ്ഥതയില്‍ ഉള്ള എറ്റേര്‍നിറ്റി സി. എന്ന ചരക്ക് കപ്പല്‍ ആണ് ചെങ്കടലില്‍ മുങ്ങിയത്.ഇരുപത്തിയഞ്ച് ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഇതില്‍ നാല് പേര്‍ ഹൂത്തികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ആറ് പേരെ ഇതുവരെ രക്ഷിച്ചതായി യൂറോപ്യന്‍ യൂണിയന്‍ നാവികസേന അറിയിച്ചു. ശേഷിക്കുന്ന പതിനഞ്ച് പേരെ കുറിച്ച് വിവരമില്ല.ഇവര്‍ ഹൂത്തികളുടെ കസ്റ്റഡയില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്.തിങ്കളാഴ്ചയാണ് ഹുത്തികള്‍ എറ്റേര്‍നിറ്റി സിയില്‍ ആദ്യം ആക്രമണം നടത്തിയത്.ഡ്രോണുകളും റെക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.കപ്പലിലെ ലൈഫ് ബോട്ടുകളും തകര്‍ത്തു.
ചൊവ്വാഴ്ച ഹൂത്തികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീണ്ടും കപ്പലില്‍ ആക്രമണം നടത്തി.എറ്റേര്‍നിറ്റി സിയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഹൂത്തികള്‍ പുറത്തുവിട്ടു.കഴിഞ്ഞ ഞായറാഴ്ച്ചയും ഹുത്തികള്‍ ചരക്ക് കപ്പല്‍ ആക്രമിച്ചിരുന്നു. മാജിക് സീസ് എന്ന പേരിലുള്ള കപ്പലും ചെങ്കടലില്‍ മുങ്ങി.ഈ കപ്പല്‍ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഹൂത്തികള്‍ പുറത്തുവിട്ടിരുന്നു.പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹുത്തികള്‍ 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നത്.2023 നവംബറിനും 2024 ഡിസംബറിനും ഇടിയില്‍ നൂറിലധികം കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി.2024 ഡിസംബറിന് ശേഷം കഴിഞ്ഞയാഴ്ചയാണ് വീണ്ടും ആക്രമണം തുടങ്ങിയത്.