മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവ് ഗള്‍ഫിലും പ്രദര്‍ശനം തുടങ്ങി.ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ബുധനാഴ്ച ദുബൈ മാളിലെ റീല്‍ സിനിമാസില്‍ നടന്നു.മികച്ച അഭിപ്രായം ആണ് പ്രീമിയര്‍ ഷോയില്‍ ലഭിച്ചത്.സുമതി വളവ് പേടിത്തൊണ്ടന്‍മാരായ നാട്ടുകാരുടെ കഥയാണെന്നും അതില്‍ ഏറ്റവും ഭയമുള്ള അപ്പു എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.മാളികപ്പുറത്തിന് കുടുംബപ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് ഈ ചിത്രത്തിന് തന്നെ പ്രേരണയായതെന്ന് സംവിധായകന്‍ വിഷ്ണു ശശി ശങ്കറും പറഞ്ഞു.കുടുംബത്തിന് രസിക്കുന്ന സിനിമ എന്ന് തീരുമാനിച്ചാണ് സുമതി വളവിലേക്ക് എത്തിയത്.
അര്‍ജുന്‍ അശോകന്‍,ബാലു വര്‍ഗീസ്,ഗോകുല്‍ സുരേഷ്, മാളവികാ മനോജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്.അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ തിരക്കഥാകൃത്ത്.രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.ശങ്കര്‍ പി.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍.ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം.ദി പ്ലോട്ട് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവര്‍സീസ് വിതരണാവകാശികള്‍.