ഗാസ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഹമാസ് തയ്യാറാകണം എന്നും ട്രംപ് ആവശ്യപ്പെട്ടു.ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇതുവരെ ഇസ്രയേല്‍ ഭരണകൂടവും ഹമാസും പ്രതികരിച്ചിട്ടില്ല.സമൂഹമാധ്യമപ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഗാസ വെടിനിര്‍ത്തലിനുള്ള സുപ്രധാന വ്യവസ്ഥകള്‍ക്ക് ഇസ്രയേല്‍ അംഗീകാരം നല്‍കിയതായി ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.അറുപത് ദിവസത്തെ വെടിനിര്‍ത്തലിനുള്ളതാണ് നിര്‍ദ്ദേശങ്ങള്‍.തന്റെ പ്രതിനിധികള്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു.മധ്യപൂര്‍വ്വദേശത്തിന്റെ നല്ലതിനായി വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിക്കുകയാണ് ഹമാസിന് നല്ലതെന്നും ട്രംപ് പറഞ്ഞു.വെടിനിര്‍ത്തല്‍ സംബന്ധിച്ച അന്തിമ നിര്‍ദ്ദേശങ്ങള്‍ ഇരുകൂട്ടര്‍ക്കും മുന്‍പില്‍ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും അവതരിപ്പിക്കും.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും എന്നും ട്രംപ് അറിയിച്ചു.ആരെല്ലാം തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ആണ് വെടിനിര്‍ത്തല്‍ ധാരണരൂപപ്പെട്ടത് എന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.ചര്‍ച്ചകള്‍ക്കായി നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് റോണ്‍ ഡെര്‍മര്‍ ഇയാഴ്ച യു.എസില്‍ എത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലീന്‍ ലീവിറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വൈസ് പ്രസിഡന്റ് ജെ.ജി വാന്‍സ്,വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ,പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഈ കൂടിക്കാഴ്ച്ചയില്‍ ആണോ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിച്ചത് എന്ന് വ്യക്തമല്ല.ഗാസ യുദ്ധം നീട്ടിക്കൊണ്ട് പോകുന്നതിന് ഡൊണള്‍ഡ് ട്രംപിന് തിരെ താത്പര്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വാഷിങ്ടണില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത് നിര്‍ണ്ണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.