ഗാസയില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈജിപ്തില്‍ പുന:രാരംഭിച്ചു.ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.ഇന്നലെ മാത്രം ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 81 പേരാണ് കൊല്ലപ്പെട്ടത്.
ഹമാസിന്റെ ഒരു മുതിര്‍ന്ന നേതാവും ഇസ്രയേല്‍ പ്രതിനിധി സംഘവും ആണ് കെയ്‌റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.എഴുപത് ദിവസത്തേക്ക് വെടിനിര്‍ത്തുന്നതിനും പത്ത് ബന്ദികളെ മോചിപ്പിക്കുന്നതിനും ഉള്ള നിര്‍ദ്ദേശം അമേരിക്ക മുന്നോട്ട് വെച്ചിരുന്നു.എന്നാല്‍ ഇത് ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.അമേരിക്ക,ഈജിപ്ത് ഖത്തര്‍ എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ആയിരുന്നു നേരത്തെ ചര്‍ച്ചകള്‍.എന്നാല്‍ ഇപ്പോള്‍ മറ്റൊരു മധ്യസ്ഥനെ ഉപയോഗിച്ച് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പലസ്തീന്‍-അമേരിക്കന്‍ പൗരനായ ബിഷാര ബാഹ്ബാഹിനെ ട്രംപ് ഭരണകൂടം മധ്യസ്ഥതയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
ഹമാസ് നേതാക്കളും അമേരിക്കന്‍ മധ്യസ്ഥരും അടുത്തിടെ ദോഹയില്‍ മുഖാമുഖം ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഗാസയില്‍ ഇസ്രയേല്‍ അതിരൂക്ഷമായ ആക്രമണം ആണ് നടത്തിവരുന്നത്.വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ഇസ്രയേലിന് മേല്‍ രാജ്യാന്തരസമ്മര്‍ദ്ദവും ഏറി വരികയാണ്.മുന്‍പ് ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന പലരാജ്യങ്ങളുടെയും സ്വരത്തില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്.