ഗാസയില്‍ ഭക്ഷണം തേടിയെത്തിയ ആയിരത്തഞ്ചൂറിലധികം പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് ഐക്യരാഷ്ട്രസഭ.കഴിഞ്ഞ മൂന്നരമാസത്തിനിടയില്‍ ആണ് ഇത്രയും മരണങ്ങള്‍.ഗാസയില്‍ കടുത്ത പട്ടിണിക്ക് ഒപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്.മെയ് ഇരുപത്തിയേഴ് മുതല്‍ ഓഗസ്റ്റ് പതിമൂന്ന് വരെയുളള ദിവസങ്ങളില്‍ ഭക്ഷണം തേടിയിറങ്ങിയ 1760 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.ഇതില്‍ 994 പേര്‍ ഇസ്രയേലിന്റെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ കേന്ദ്രങ്ങള്‍ക്ക് സമീപം ആണ് മരിച്ചത്.766 പേര്‍ ഭക്ഷണവുമായി വാഹനങ്ങള്‍ എത്തുന്ന പാതകളിലും മരിച്ചുവീണു.ഭൂരിഭാഗം പേരെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതാണെന്നും യു.എന്‍ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ എത്തുവരെ വെടിവെച്ച് കൊല്ലുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ നടപടി ഇപ്പോഴും തുടരുകയാണെന്ന് ഗാസ സിവില്‍ഡിഫന്‍സും അറിയിച്ചു.ഇന്നലെ മാത്രം ഭക്ഷണം തേടിയെത്തിയ പന്ത്രണ്ട് പേരെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്.ഇതിനിടയില്‍ ഗാസയിലെ ജനങ്ങള്‍ കടുത്ത കുടിവെളള ക്ഷാമത്തേയും നേരിടുകയാണെന്ന് ഐക്യരാഷഷ്ട്രസഭ അറിയിച്ചു.ഇരുപത്തിരണ്ട് മാസമായി തുടരുന്ന യുദ്ധത്തില്‍ ഗാസ മുനമ്പിലെ ജലവിതരണസംവിധാനങ്ങള്‍ പൂര്‍ണ്ണമായി തന്നെ തകര്‍ക്കപ്പെട്ടു.നാല്‍പത് ഡിഗ്രിസെല്‍ഷ്യസിന് മുകളിലാണ് ഗാസയില്‍ നിലവില്‍ കാലാവസ്ഥ.കടുത്ത ചൂടില്‍ ശുദ്ധജലക്ഷാമം നേരിടുന്ന ജനങ്ങള്‍ക്ക് മലിനജലത്തെ ആശ്രയിക്കേണ്ടിവരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇത് ജലജന്യരോഗങ്ങള്‍ക്ക് കാരണമാവുകയാണ്.പ്രതിവാരം പതിനായിരത്തിലധികം പേരാണ് പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ തേടി ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്നത്.