കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. 20 ദിവസത്തെ ഹജ്ജ് പാക്കേജിന് നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി അബുദാബിയിൽ പറഞ്ഞു.
പ്രവാസികള്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയിലുള്ള 20 ദിവസത്തെ ഹജ്ജ് പാക്കേജിന് നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നല്‍കിയ ഈ പാക്കേജിന് കീഴിൽ 2910 പേരാണ് അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 398 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പാക്കേജില്‍ അപേക്ഷ നല്‍കിയ പ്രവാസികള്‍ ഹജ്ജ് കാമ്പിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തണം. പാസ്‌പോര്‍ട്ട് സമര്‍പിക്കലും നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്നും മാത്രമാണ് പുതിയ പാക്കേജിന് എംബാര്‍ക്കേഷന്‍ അനുമതിയുള്ളൂ. മാത്രമല്ല ഹൃസ്വകാല ഹജ്ജ് പാക്കേജിന് നിരക്ക് വര്‍ധിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിന്നുള്ള വിമാന ടിക്കറ്റില്‍ ഭീമമായ വര്‍ധനവുണ്ടായതിനാല്‍ ഇത്തവണ കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. ആദ്യഘട്ടത്തില്‍ 8530 പേരെ തെരഞ്ഞെടുത്തപ്പോള്‍ 4995 പേരും കൊച്ചിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 2892 ഹാജിമാരുള്ളപ്പോള്‍ കോഴിക്കോട് നിന്നും 632 ആയി ചുരുങ്ങി. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതാണ് കഴിഞ്ഞ വര്‍ഷം നിരക്ക് കൂടാന്‍ കാരണമായത്. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും പ്രശ്‌നപരിഹാരം വേണമെന്നും സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ഹജ്ജ് യാത്രികരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അവിടെ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി ഒരേക്കര്‍ സ്ഥലം അനുവദിക്കുകയും സര്‍ക്കാര്‍ 5കോടി രൂപ നീക്കിവെച്ചിട്ടുമുണ്ട്. ഒരു മള്‍ട്ടിപര്‍പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ മാതൃകയിലായിരിക്കും ഹജ്ജ് ഹൗസ് പണിയുക. 27 കോടിരൂപയുടെ പദ്ധതിക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ തുക കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പും തയ്യാറാവുന്നുണ്ട്. ഈ പദ്ധതിക്കായി പ്രവാസികള്‍ സഹായിക്കണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.



