കേരളത്തില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കനത്ത നാശം വിതച്ചത്. സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്തു പലയിടത്തും കനത്ത കാറ്റും മഴയും തുടരുകയാണ്. കനത്ത കാറ്റില്‍ വീടുകള്‍ക്കു നാശനഷ്ടമുണ്ട്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നല്‍ച്ചുഴലി ഉണ്ടായി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളില്‍ പുലര്‍ച്ചെ വീശിയ കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മേല്‍ മരങ്ങള്‍ വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി.
പുലര്‍ച്ചെ ആഞ്ഞുവീശിയ കാറ്റില്‍ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. എറണാകുളം ജില്ലയില്‍ പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ മരമൊടിഞ്ഞതു വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പെരിയാറില്‍ വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ അപകടരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു.
ആലുവ മേഖലയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം-ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ പാതിരപ്പള്ളിക്കു സമീപം രാവിലെ ഏഴോടെ ട്രാക്കിലേക്കു തെങ്ങു വീണതിനെ തുടര്‍ന്നു ട്രെയിനുകള്‍ പിടിച്ചിട്ടു. സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.