കുവൈറ്റ് ഭരണകൂടം ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കുകയാണ് . ഇതിന്റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
സഹേല്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ ഏര്‍പ്പെടുത്തികൊണ്ടാണ് ക്രമീകരണം സജ്ജമാക്കിയിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിസകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സാധിക്കുന്നതാണ് പുതിയ സംവിധാനം. ഒരു തൊഴിലാളിയുടെ പേരില്‍ ഒന്നിലധികം വിസകള്‍ നല്‍കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. വിസ അപേക്ഷകള്‍ നിരസിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഒരു വ്യക്തിക്ക് നിലവില്‍ വിസ അനുവദിച്ചിട്ടുണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നതിലൂടെ ഭരണപരമായ പിശകുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുസേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനൊപ്പം റിക്രൂട്ട്‌മെന്റ് മേഖലയിലെ ക്രമക്കേടുകള്‍ ഒഴിവാക്കി തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പൗരന്മാര്‍ സഹേല്‍ ആപ്പിലെ പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.



