കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചു.മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം.നിരവധി പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.കുവൈത്തിലെ അല്‍ അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധയിടങ്ങളിലായിട്ടാണ് മരണം.പത്ത് പ്രവാസി തൊഴിലാളികള്‍ മരിച്ചതായി ആഭ്യന്തരമന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.വിഷബാധയേറ്റതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് പതിനഞ്ചിലധികം പ്രവാസികളെ ഫര്‍വാനിയ അദാന്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
നിര്‍മ്മാണ തൊഴിലാളികളായ പ്രവാസികളാണ് മരിച്ചവരില്‍ ഏറെയും.പലരേയും കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രികളില്‍ നടത്തിയ വിശദപരിശോധനയില്‍ ആണ് വിഷമദ്യം ആണെന്ന് കണ്ടെത്തിയത്.ജലീബ് ബ്ലോക് ഫോറില്‍ നിന്നാണ് മദ്യം ലഭിച്ചത് എന്നാണ് വിവരം.സമ്പൂര്‍ണ മദ്യനിരോധനം നിലവിലുളള രാജ്യമാണ് കുവൈത്ത്. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗത്തും അനധികൃത മദ്യവില്പ്പനയുണ്ട്.കഴിഞ്ഞ ആഴ്ച്ചകളില്‍ രാജ്യത്ത് പലയിടത്തുനിന്നായി മദ്യശേഖരം പിടികൂടിയിരുന്നു.വ്യാജമദ്യവില്‍പ്പന തടയാന്‍ ആഭ്യന്തരമന്ത്രാലയം നിരന്തരം പരിശോധന നടത്തുന്നുണ്ട്.