കുവൈത്തില്‍ കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള മേഖലകളില്‍ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നതിനുള്ള കരട് നിയമത്തിന് മുന്‍സിപ്പാലിറ്റി രൂപം നല്‍കി.പകരം ബാച്ചിലര്‍മാര്‍ക്കായി പ്രത്യേക പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.
പ്രവാസി കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള മേഖലയില്‍ നിന്നും ബാച്ചിലര്‍മാരെ മാറ്റുന്നതിനുള്ള കരട് നിയമത്തിനാണ് കുവൈത്ത് മുന്‍സിപ്പാലിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്.ജലീബ് അല്‍ ശുയൂഖ് പ്രദേശത്ത് അനുഭവപ്പെടുന്ന പ്രതിസന്ധികള്‍ക്ക്പരിഹാരം കാണുന്നതിന് ആണ് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് കരട് നിയമം എന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏഴിന കര്‍മ്മപദ്ധതികള്‍ക്ക് ആണ് രൂപം നല്‍കിയിരിക്കുന്നത്.ആറ് ലേബര്‍ സിറ്റികള്‍ ആണ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.നാല് ലക്ഷത്തോളം ബാച്ചിലര്‍മാര്‍ക്ക് താമസിക്കാന്‍ കഴിയുന്ന പന്ത്രണ്ട് ഭവനസമുച്ചയങ്ങളും നിര്‍മ്മിക്കും.വ്യവസായിക-കാര്‍ഷിക മേഖലകളില്‍ മാത്രമായി
തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ ക്രമീകരിക്കും.ജലീബ് മേഖലയിലെ ബാച്ചിലേഴ്‌സിന്റെ എണ്ണം കുറയ്ക്കുക,സുരക്ഷാ വെല്ലുവിളികള്‍ ലഘൂകരിക്കുക, മേഖലയിലെ ജനസാന്ദ്രത കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.