രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ അവതരിപ്പിച്ച ആനി പ്ലാറ്റ്‌ഫോം ഏറ്റെടുത്ത് ഉപഭോക്താക്കള്‍. ആനി ഉപയോക്താക്കളുടെ എണ്ണം ഒന്നേകാല്‍ കോടി കടന്നു. പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്ന യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ സഹകമ്പനിയായ അല്‍ ഇത്തിഹാദ് പെയ്‌മെന്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇയിലെ ദൈനംദിന സാമ്പത്തിക പ്രവര്‍ത്തനത്തില്‍ അവിഭാജ്യ ഘടകമായ ആനി പ്ലാറ്റ്‌ഫോം മൊബൈലില്‍ മാത്രം ഉപയോഗിച്ച് ദിവസേന ഏകദേശം 25,000 ഇടപാടുകള്‍ നടക്കുന്നുണ്ട്. രാജ്യത്തെ 7.74 ലക്ഷം വ്യാപാരികള്‍ ഈ പ്ലാറ്റ്‌ഫോം പ്രധാന പേയ്‌മെന്റ് സംവിധാനമായി സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിന്റെ തെളിവാണ് ആനി പ്ലാറ്റ്‌ഫോം കൈവരിച്ച ഈ നേട്ടമെന്ന് അധികൃതര്‍ വ്യക്തമാക്കി. 74 ധനകാര്യ സ്ഥാപനങ്ങളുമായി ശക്തമായ കണക്റ്റിവിറ്റി രൂപപ്പെടുത്തിയതിലൂടെ പ്ലാറ്റ്‌ഫോം കൂടുതല്‍ വിശ്വാസ്യത നേടിയിട്ടുണ്ട്. 85 ശതമാനം ബാങ്കുകളുമായും 10 ശതമാനം എക്‌സ്‌ചേഞ്ച് ഹൗസുകളിലും, ഡിജിറ്റല്‍ വാലറ്റുകളും ഫിനാന്‍സ് കമ്പനികളുമായും പ്ലാറ്റ്‌ഫോം സംയോജിപ്പിച്ചിട്ടുണ്ട്. 2025ല്‍ മാത്രം ഇടപാടുകളുടെ എണ്ണം ആറിരട്ടിയായി വര്‍ധിക്കുകയും മാസത്തില്‍ ശരാശരി 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ക്യു.ആര്‍ കോഡ് പേയ്‌മെന്റ്, റിക്വസ്റ്റ് ടു പേ, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച് പണമിടപാട് തുടങ്ങിയ സേവനങ്ങള്‍ ഇതിനകം ലഭ്യമാണ്. കൂടാതെ ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റുകള്‍, ഇ-ഡയറക്ട് ഡെബിറ്റ്, ഇ-ചെക്കുകള്‍, ബിസിനസ്-ടു-ബിസിനസ് പേയ്‌മെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.



