യുക്രൈയിന്‍ തലസ്ഥാനമായ കീവിന് നേരെ റഷ്യ ഇന്നലെ രാത്രി നടത്തിയ ഷെല്ലാക്രമണത്തില്‍ ഖത്തര്‍ എംബസി കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവത്തില്‍ ആളപായമില്ല. ആക്രമണത്തെ ഖത്തര്‍ അപലപിച്ചു.
ഇന്നലെ രാത്രിയായിരുന്നു യുക്രൈയിന്‍ തലസ്ഥാനമായ കീവിനുനേരെ റഷ്യ ഷെല്ലാക്രമണം നടത്തിയത്. സംഭവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഖത്തര്‍ എംബസി കെട്ടടത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഈ സംഭവത്തില്‍ ഖത്തര്‍ തങ്ങളുടെ പ്രതിഷേധം റഷ്യയെ അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരത്തില്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും എംബസികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. എംബസികള്‍, നയതന്ത്ര ദൗത്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനങ്ങള്‍, സിവിലിയന്‍ സൗകര്യങ്ങള്‍ എന്നിവ പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അവയിലെ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും തത്വങ്ങള്‍ക്ക് അനുസൃതമായി, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും റഷ്യ-ഉക്രേനിയന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഖത്തര്‍ വ്യക്തമാക്കി.



