അബുദബിയിലെ യാസ് ദ്വീപില്‍ ഓട്ടോണമസ് ടാക്സികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അബുദബി വിപുലീകരിക്കുന്നു. പദ്ധതിയില്‍ അപ്പോളോ ഗോയും ഓട്ടോഗോയും കൂടി അധിക ഓപ്പറേറ്റര്‍മാരായി ചേര്‍ന്നു.
എമിറേറ്റിന്റെ സ്മാര്‍ട്ട് മൊബിലിറ്റി എക്കോസ്ിസ്റ്റത്തെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓട്ടോണമസ് ടാക്സികള്‍ക്കായുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, അപ്പോളോ ഗോ, ഓട്ടോഗോ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന്, അബുദാബിയില്‍ ടെസ്ല സ്വയം ഓടിക്കുന്ന കാറുകളുടെ മേല്‍നോട്ടത്തിലുള്ള റോഡ് പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ടെസ്ലയുടെ ഏറ്റവും പുതിയ സെല്‍ഫ് ഡ്രൈവിംഗ് സംവിധാനങ്ങള്‍ പ്രാദേശിക റോഡുകളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. യുഎഇ കാബിനറ്റിന്റെ ജനറല്‍ സെക്രട്ടേറിയറ്റിലെ ലെജിസ്ലേഷന് ലാബുമായി ഏകോപിപ്പിച്ചാണ് ഈ പരിശോധനകള്‍ നടത്തുന്നത്. അത്യാധുനിക യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിലും സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലുമുള്ള അബുദബിയുടെ താല്പര്യത്തെയാണ് പുതിയ നീക്കം എടുത്തുകാണിക്കുന്നത്.



