യുഎഇ: ബാങ്കുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഒടിപി സേവനം നിര്‍ത്തലാക്കുന്നു. എസ്എംഎസ് വഴിയും ഇമെയില്‍ വഴിയുമുള്ള ഒടിപി വേരിഫിക്കേഷന്‍ രീതിയാണ് നിര്‍ത്തലാക്കുന്നത്. പകരം ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വേരിഫിക്കേഷന്‍ നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സൂരക്ഷിതമാക്കുന്നതിന്റെ ഭാഗമായി യുഎഇ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നാളെ മുതല്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയുമുള്ള ഒടിപി സേവനങ്ങള്‍ക്ക് പകരം ആപ്പ് വഴിയുള്ള പരിശോധന ഘട്ടം ഘട്ടമായി ആരംഭിക്കും. 2026 മാര്‍ച്ചോടെ പൂര്‍ണമായും ആപ്പ് അധിഷ്ഠിത ഒടിപി പരിശോധന നടത്തുന്നതിനാണ് നീക്കം. എല്ലാ ബാങ്കുകളും ആഭ്യന്തര രാജ്യാന്തര ഇടപാടുകള്‍ നടത്തുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വേരിഫിക്കേഷന്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശം. ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒതന്റിഫിക്കേഷന്‍ വയ ആപ്പ് എന്ന സേവനത്തിലൂടെ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സിം സ്വാപ്പിംഗ്, ഫിഷിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ എസ്എംഎസ്, ഇമെയില്‍ വഴിയുള്ള ഒടിപി ഹാക്ക് ചെയ്യുന്ന രീതിയാണ് സൈബര്‍ കുറ്റവാളികള്‍ സ്വീകരിക്കുന്നത്. ഇതിന് തടയിടുന്നതിനാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നീക്കം.