ഗതാഗത നിയമലംഘകരെ പിടികൂടുന്നതിന് എ.ഐ ക്യാമറയുമായി ഒമാനും.മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കം പിടികൂടുകയാണ് ലക്ഷ്യം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ രാജ്യത്തെ നിരത്തുകളില്‍ സ്ഥാപിച്ച് വരികയാണ് റോയല്‍ ഒമാന്‍ പൊലീസ്.റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആണ് ഒമാന്‍ പൊലീസിന്റെ നീക്കം.മനുഷ്യ ഇടപെടല്‍ നേരിട്ടില്ലാതെ തന്നെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ ശൃംഖലയാണ് സ്ഥാപിച്ച് വരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ബിന്‍ സുലൈം അല്‍ ഫലാഹി അറിയിച്ചു.അമിത വേഗത,റെഡ്‌സിഗ്നല്‍ ലംഘനങ്ങള്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍,ഡ്രൈവിംഗിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ സ്മാര്‍ട്ട് ക്യാമറകള്‍ പിടികൂടും.
ഗുരുതര ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് താത്കാലികമായി റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.വാഹനം കണ്ടുകെട്ടല്‍,നിര്‍ബന്ധിത ഗതാഗതനിയമപഠനം തുടങ്ങിയവയും ശിക്ഷയായി ലഭിക്കും.