അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യാന്തര സര്‍വ്വീസുകള്‍ ഭാഗീകമായി പുനരാരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ. സര്‍വ്വീസുകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പുനരാരംഭിക്കും. ഒക്ടോബറോടെ സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കാനാണ് എയര്‍ഇന്ത്യയുടെ നീക്കം.എയര്‍ഇന്ത്യ സേഫ്റ്റി പോസ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ബോയിങ് ഡ്രൈീംലൈനര്‍ വിമാനങ്ങളില്‍ സുരക്ഷാ പരിശോധനയും ആരംഭിച്ചതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ചില സര്‍വ്വീസുകള്‍ ഭാഗീകമായി പുനരാരംഭിക്കുന്നതിനാണ് എയര്‍ഇന്ത്യയുടെ നീക്കം. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ അഹമ്മദാബാദ് – ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകള്‍ നടത്തും. നിലവിലുള്ള അഹമ്മദാബാദ് – ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വ്വീസിന് പകരമായാണ് സര്‍വ്വീസ്. ദില്ലിയില്‍ നിന്നും ലണ്ടന്‍ ഹീത്രൂ, സൂറിക്, ടോക്കിയോ, സോള്‍ തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്തതായി എയര്‍ഇന്ത്യ അറിയിച്ചു.
ബംഗളൂരു ലണ്ടന്‍ ഹീത്രൂ, അമൃത്സര്‍ ബര്‍മിങ്ങാം, ദില്ലി പാരിസ്, ദില്ലി മിലാന്‍, ദില്ലി വിയന്ന, ദില്ലി ആംസ്റ്റര്‍ഡാം, വിവിധ വടക്കേ അമേരിക്കന്‍ റൂട്ടുകള്‍, ഓസ്‌ട്രേലിയന്‍ റൂട്ടുകള്‍ എന്നിവിടങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. അമൃത്സര്‍ – ലണ്ടന്‍, ഗോവ -ലണ്ടന്‍, ബംഗളൂരു – സിംഗപ്പൂര്‍, പൂനെ-സിംഗപ്പൂര്‍ തുടങ്ങിയ ചില റൂട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ താല്‍ക്കാലികമായി റദ്ദാക്കി. ഓഗസ്റ്റ് 1 നും സെപ്റ്റംബര്‍ 30 നും ഇടയില്‍ ആദ്യം ഷെഡ്യൂള്‍ ചെയ്ത ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുമെന്നും യാത്രക്കാര്‍ റീബുക്കിങ് അല്ലെങ്കില്‍ റീഫണ്ട് ഓപ്ഷനുകള്‍ക്കായി ബന്ധപ്പെടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സര്‍വ്വീസുകള്‍ ഭാഗീകമായി പുനസ്ഥാപിക്കുന്നതോടെ എയര്‍ ഇന്ത്യ ആഴ്ചയില്‍ 63 റൂട്ടുകളിലായി 525ലേറെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 1 ഓടെ പൂര്‍ണമായ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.