ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ നാനൂറിലധികം മരണങ്ങള്‍.നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു.ഈ വാരാന്ത്യം വരെ മഴ തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം.ഉത്തര്‍പ്രദേശില്‍ 17 ജില്ലകളിലായി 402 ഗ്രാമങ്ങളെ ആണ് വെള്ളപ്പൊക്കം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് 12 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. വിവിധ ജില്ലകളിലായി 85000 പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.നാലായിരം ഹെക്ടറിലധികം കൃഷിഭൂമിയാണ് വെള്ളത്തിനടിയിലായത്.മധ്യപ്രദേശിലും മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 252 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.
സംസ്ഥാനത്ത് 128 വീടുകള്‍ പൂര്‍ണമായും 2300 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ 179 പേരുടെ മരണമാണ് ഇതുവരെ മഴക്കെടുതി മൂലം റിപ്പോര്‍ട്ട് ചെയ്തത്. 1400 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതാണ് സര്‍ക്കാര്‍ കണക്കുകള്‍.ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അളകനന്ദ നദി കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 9 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.