ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. മാഞ്ചസ്റ്ററില്‍ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. യശസ്വി ജയ്സ്വാള്‍ (36), കെ എല്‍ രാഹുല്‍ (40) എന്നിവരാണ് ക്രീസില്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാനും രാഹുലിന് സാധിച്ചു. ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങിയത്.പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി.
കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും പരിക്കുള്ള ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ടോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം.