15 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചു. ആഷസ് പരമ്പരയിലെ നാലാമത് മത്സരത്തില്‍ ഓസ്‌ട്രേലിയയെ മെല്‍ബണില്‍ 4 വിക്കറ്റിന് തോല്‍പിച്ചതോടെയാണ് ഇത്.നീണ്ട 5468 ദിവസത്തെ കാത്തിരിപ്പ്, 19 ടെസ്റ്റുകള്‍.ഒടുവില്‍ ആ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ഓസീസ് മണ്ണില്‍ കഴിഞ്ഞ് 15 വര്‍ഷത്തിനിടെയിലെ ആദ്യ ടെസ്റ്റ് വിജയം. ബാറ്റ്‌സ് മാന്‍മാരുടെ ശവപറമ്പായ മെല്‍ബണിലെ പിച്ചില്‍ 4 വിക്കറ്റിനാണ് മൈറ്റി ഓസീസിനെ ഇംഗ്ലണ്ട് അടിയറവ് പറയിപ്പിച്ചത്. ആദ്യദിവസം തന്നെ 20 വിക്കറ്റ് വീണ മെല്‍ബണില്‍ രണ്ടാം ദിവസം ഓസീസിനെ രണ്ടാം ഇന്നിംഗസില്‍ 132 പുറത്താക്കിയപ്പോഴേ ഇംഗ്ലണ്ട് വിജയം മണത്തിരുന്നു. എന്നാല്‍ വിജയത്തിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. ഒരുഘട്ടത്തില്‍ ഇതിനേക്കാ്ള്‍ മികച്ച വിജയം നേടുമെന്ന് തോന്നിപ്പിച്ചിടത്ത് ിനന്നാണ് 6 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്. ജേക്കബ് ബെത്തല്‍, സാക്ക് ക്രാവ്‌ളി, ബെന്‍ ഡുക്കറ്റ് എന്നിവര്‍ ഓസ്‌ട്രേലിയയുടെ പേസ് ആക്രമണത്തെ ചെറുത്ത് പൊരുതിയതാണ് വിജയത്തിന് വഴിതുറന്നത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 42 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഓസീസിന് പരമ്പര തൂത്തുവാരാമെന്ന മോഹത്തിനാണ് അടിയേറ്റത്. രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡും നായകന്‍ സ്റ്റീവ് സ്മിത്തും മാത്രമാണ് പിടിച്ചുനിന്നത്. കാര്‍സെ 4 ഉം സ്റ്റോക്‌സ് 3 ഉം വിക്കറ്റ് വീഴ്ത്തി. മെല്‍ബണിലെ തോല്‍വിയോടെ തോല്‍വിയറിയാത്ത പകരക്കാരനായ ക്യാപ്റ്റന്‍ എന്ന സ്മിതിന്റെ റെക്കോര്‍ഡിനും തിരിച്ചടിയായി. പരമ്പരയിലെ അവസാനത്തെ മത്സരം സിഡ്‌നിയില്‍ ജനുവരി 4 ന് നടക്കും.



